Tuesday, July 28, 2026
Kerala News

സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍-ഒഡിഷ തീരത്ത് ദിഘയ്ക്ക് സമീപം കരയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ന്യൂനമര്‍ദ്ദം വടക്കന്‍ ഒഡിഷയുടെയും ഗംഗാതീര പശ്ചിമ ബംഗാളിന്റെയും മുകളിലായാണ് സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ ഇത് വടക്കന്‍ ഒഡിഷ, തെക്കന്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ സഞ്ചരിക്കുമെന്നും ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 30-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ജൂലൈ 31-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യത പ്രവചിച്ചിരിക്കുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment