Wednesday, July 29, 2026
Kerala News

നിതിന്‍ രാജിന്റെ മരണം: ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

 നിതിന്‍ രാജിന്റെ മരണം: ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി എസ്സി- എസ്ടി കോടതിയുടേതാണ് ഈ ഉത്തരവ്. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിലൂടെയും മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ. റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്. ഈ മാസം 20-ന് കര്‍ണാടകയിലെ കുടകില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയിരുന്നെങ്കിലും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് നിയമപരമായ അനുമതി നേടാനായി ക്രൈംബ്രാഞ്ച് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതി അനുമതി നല്‍കുന്നതിന് മുന്‍പ് തന്നെ ഡോ. റാം ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ പ്രതിയെ പിടികൂടിയെങ്കിലും നിയമപരമായ വീഴ്ചകള്‍ കാരണം കോടതി വിട്ടയക്കേണ്ടി വന്നത് ക്രൈംബ്രാഞ്ച് സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതില്‍ അന്വേഷണസംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പൂര്‍ണ്ണമായി മാറ്റി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ മേല്‍നോട്ടത്തില്‍, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

















Related News

Comments

No comments yet. Be the first to comment!

Leave a Comment