ആലപ്പുഴ: വിദ്യാര്‍ത്ഥി സമരത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഈ സമരത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്ലാറ്റ്‌ഫോമിന്റെയോ വിജയമായി കാണുന്നില്ലെന്നും യുവജനങ്ങളുടെ വിജയമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ കോണ്‍ഗ്രസ് പരസ്യമായി മുന്‍നിരയില്‍ എത്താതിരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്നില്‍ വന്നിരുന്നെങ്കില്‍, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന തരത്തില്‍ ബിജെപി പ്രചാരണം നടത്തുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അതുകൊണ്ട് യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഹായം ഉള്‍പ്പെടെ എല്ലാ പിന്തുണയും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരായ എല്ലാ ജനാധിപത്യ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും എന്നാല്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ചുക്കിനെ പോലുള്ള സമീപനം ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിവാദ ബില്ലിന് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
Comments
No comments yet. Be the first to comment!
Leave a Comment