ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. ആറുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മണിക്കൂറുകള്‍ക്കിടെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നതോടൊപ്പം ദേശീയ-സംസ്ഥാന പാതകളിലടക്കം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
രജൗറിയിലും പൂഞ്ചിലും മിന്നല്‍പ്രളയം വ്യാപക നാശനഷ്ടമുണ്ടാക്കി. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വെള്ളത്തിനടിയിലായതോടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഡാര്‍ഹല്‍ തവി നദി കരകവിഞ്ഞൊഴുകുന്നതിനിടെ അഞ്ചിലധികം നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
അടുത്ത വ്യാഴാഴ്ച വരെ ജമ്മു കശ്മീരില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം പഹല്‍ഗാം, ബാല്‍താല്‍ റൂട്ടുകളില്‍ താത്കാലികമായി നിര്‍ത്തിവച്ചു. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ഡല്‍ഹിയിലായിരുന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശ്രീനഗറിലേക്ക് മടങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും.
Comments
No comments yet. Be the first to comment!
Leave a Comment