Wednesday, July 15, 2026
Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മറ്റന്നാളോടെ മഴയുടെ ശക്തി ക്രമേണ കുറയുമെന്നുമാണ് വിലയിരുത്തല്‍.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ചെക്യാട്ടില്‍ ഉണ്ടായ മിന്നല്‍ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാസര്‍കോട് കള്ളാറിലും ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കോഴിക്കോട് കാരശ്ശേരിയില്‍ 70 വര്‍ഷം പഴക്കമുള്ള പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇടുക്കി മൂന്നാറില്‍ ദേശീയപാതയോരത്ത് ഭൂമി ഇടിഞ്ഞുതാഴ്ന്നത് അപകടഭീഷണിയായി തുടരുകയാണ്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടസാധ്യത തുടരുന്നതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണവും തുടരുകയാണ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര, തീരദേശ, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment