Wednesday, July 15, 2026
Kerala News

കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ

കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട്ടിലെ കള്ളാടി ദുരന്തബാധിത മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. നിലവിൽ ചെറിയ തോതിലാണ് മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും മഴ തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമോയെന്ന ആശങ്ക ശക്തമാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും തുടരുന്ന മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇന്ന് രാവിലെ 10 മണിയോടെയാണ് വീണ്ടും മണ്ണിടിഞ്ഞു തുടങ്ങിയത്. നിലവിൽ തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും മാത്രമാണ് ദുരന്തമേഖലയിൽ തുടരുന്നത്. ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നാല് സോണുകളായി വിഭജിച്ചാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ.

ചൊവ്വാഴ്ച രാവിലെ 11.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തേക്ക് പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്. സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് നിയന്ത്രിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ദുരന്തബാധിത പ്രദേശം നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്ന ഏകദേശം 200 മീറ്റർ നീളമുള്ള റോഡ് 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഗതാഗതയോഗ്യമാക്കി.

റോഡിന് ഇരുവശങ്ങളിലുമായി പുഴയിലേക്ക് ഒലിച്ചിറങ്ങിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ കേന്ദ്രീകരിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും ഉപയോഗിച്ചാണ് രക്ഷാസേന പരിശോധന തുടരുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment