Friday, July 10, 2026
India News

രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ കുറവ് വരുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 183 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നത്. ഇതിനിടെ, വാണിജ്യ എല്‍.പി.ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും നീക്കുകയും വിതരണം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളാണ് ആഗോളതലത്തില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായത്. ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ ചാലായ ഹോര്‍മുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാന്‍ തടഞ്ഞിരുന്നു. വിതരണ ശൃംഖലയിലുണ്ടായ ഈ തടസമാണ് ആഗോള വിപണിയിലും തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയില്‍ മുന്‍പ് നാല് തവണയാണ് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചത്. ഇതിന് പുറമെ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വില രണ്ട് തവണയും വര്‍ദ്ധിപ്പിച്ചിരുന്നു. സമാനമായ രീതിയില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും കേന്ദ്രസര്‍ക്കാര്‍ ഘട്ടങ്ങളായി ഉയര്‍ത്തുകയുണ്ടായി. നിലവില്‍ പെട്രോള്‍ - ഡീസല്‍ വില്‍പ്പനയ്ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രം പിന്‍വലിച്ചിട്ടുണ്ടെങ്കിലും, വര്‍ദ്ധിപ്പിച്ച ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment