Tuesday, September 1, 2026
Kerala News

പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി

പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി




പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയിലെ വീടുകളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രധാനമന്ത്രിയുടെ പേരിലുള്ള ഭവനപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

നരേന്ദ്ര മോദിയുടെ ചിത്രമല്ല, പദ്ധതിയുടെ ഔദ്യോഗിക ലോഗോ സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇഎംഎസ് ഭവനപദ്ധതി നടപ്പാക്കിയവര്‍ പിഎംഎവൈ പദ്ധതിയെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ അഞ്ച് ലക്ഷം വീടുകള്‍ നല്‍കിയെന്ന കണക്കില്‍, ലൈഫ് പദ്ധതിയിലൂടെ നല്‍കിയ ഏകദേശം 1.60 ലക്ഷം വീടുകളും പിഎംഎവൈ പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

2023-ലെ കേന്ദ്ര സര്‍ക്കുലര്‍ പ്രകാരം പദ്ധതിയുടെ ലോഗോ സ്ഥാപിക്കേണ്ടത് നിര്‍ബന്ധമാണെന്നും, ലോഗോയുടെ പേരില്‍ അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് വീട് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംഎവൈ കരാറില്‍ നിന്ന് പിന്മാറിയതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ചില മുഖ്യധാരാ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് കെ.എം. ഷാജി ആരോപിച്ചു. കേന്ദ്ര വിഹിതം കൂടുതല്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഭവനസഹായം തടയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, മന്ത്രിയുടെ നിലപാടിനെതിരെ സി.പി.എം നേതാവ് എ.കെ. ബാലന്‍ രംഗത്തെത്തി. കെ.എം. ഷാജിയുടെ നിലപാട് യുഡിഎഫിനേക്കാള്‍ ബിജെപിക്ക് അനുകൂലമാണെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ മന്ത്രിയോ യുഡിഎഫോ തയ്യാറാകുന്നില്ലെന്നും വിമര്‍ശിച്ചു. പിണറായി വിജയനെ സംഘപരിവാര്‍ അനുകൂലിയെന്ന് പ്രചരിപ്പിച്ച യുഡിഎഫിന് ഇപ്പോള്‍ അതിന്റെ തിരിച്ചടിയാണ് ലഭിക്കുന്നതെന്നും എ.കെ. ബാലന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment