തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. 2017ൽ ബക്കാർഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന വ്യാപകമാകുന്നത് സാമൂഹികമായി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഉൾപ്പെട്ട കത്താണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
2018 ഓഗസ്റ്റ് 13-ന് അന്നത്തെ നികുതി സെക്രട്ടറിക്ക് അയച്ച കത്തിൽ, വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികളും യുവാക്കളും ശീതളപാനീയം പോലെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പിന്നീട് കൂടുതൽ വീര്യമുള്ള മദ്യങ്ങളുടെ ഉപയോഗത്തിലേക്ക് നയിക്കാമെന്നും, വീര്യം കുറവാണെങ്കിലും അത് മദ്യം തന്നെയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട് വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി വർധിപ്പിക്കുന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്ന അഭിപ്രായമാണ് അദ്ദേഹം രേഖപ്പെടുത്തിയതെന്നാണ് വിവരം.
2017-ൽ ബക്കാർഡി കമ്പനി കേരളത്തിൽ ബക്കാർഡി ബ്രീസർ വിപണനം ചെയ്യുന്നതിനുള്ള അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നുവെന്നും, എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചാൽ വിൽപ്പനയ്ക്ക് എതിർപ്പില്ലെന്ന നിലപാടാണ് ബെവ്കോ സ്വീകരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന, നികുതി നയം, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് ഈ രേഖകൾ പുറത്തുവന്നിരിക്കുന്നത്. വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Comments
No comments yet. Be the first to comment!
Leave a Comment