Friday, July 17, 2026
Kerala News

ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തി

 ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തി



തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെയും കുടുംബസുഹൃത്ത് അനന്തു സുരേഷിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബസുഹൃത്ത് അനന്തു സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചികിത്സയ്ക്കിടെ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ ഇടപെടലുകളും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണ നടപടികള്‍ ആരംഭിച്ചത്.

അതേസമയം, ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ഷീബ നേരത്തെ വ്യക്തമാക്കിയിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്നും വിവിധ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ കുടുംബത്തിന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിന് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാന്‍ സ്‌കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നും ഷീബ പ്രതികരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചികിത്സാ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment