തിരുവനന്തപുരം: ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. മേയര്‍ വി.വി. രാജേഷിനെ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി.
സംഘര്‍ഷത്തിനിടെ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ സിന്ധുവിനും അണമുഖം വാര്‍ഡ് കൗണ്‍സിലര്‍ വീണയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍മാര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് എന്നിവര്‍ നഗരസഭയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നിലപാട്.
അതേസമയം, മേയറെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. സംഘര്‍ഷത്തിനിടെ തന്റെ കാലിന് പരിക്കേറ്റതായി മേയര്‍ വി.വി. രാജേഷ് പറഞ്ഞു. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും ഓഫീസിനുള്ളിലെ ആക്രമണങ്ങളും കയ്യാങ്കളികളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ കാണാന്‍ എത്തിയവരെ ഭീഷണിപ്പെടുത്തിയതായും മേയര്‍ ആരോപിച്ചു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ത്രീകളെ ആക്രമിച്ചതായി ഡെപ്യൂട്ടി മേയര്‍ ആശാനാഥും ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരസഭാ പരിസരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment