Friday, July 17, 2026
Kerala News

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍

 വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍


തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കുന്ന നിര്‍ദേശം ധനബില്ലില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തീരുമാനിച്ചതായി സൂചന. ജൂലൈ 1ന് നിയമസഭയില്‍ ധനബില്‍ പാസാക്കാനിരിക്കെ, അതിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായം രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും ഉള്‍പ്പെടെ നിരവധി പേര്‍ നികുതി ഇളവിനെതിരെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്.

ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ധനബില്‍ കൂടി നിയമസഭ പാസാക്കേണ്ടതുണ്ട്. ധനബില്‍ അംഗീകരിക്കപ്പെട്ട ശേഷമാണ് പുതുക്കിയ നികുതി ഘടന നടപ്പിലാക്കാന്‍ കഴിയുക. സാധാരണയായി ബജറ്റിനോടൊപ്പം ധനബിലും പാസാക്കുകയും അത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ പുതുക്കിയ ബജറ്റായതിനാല്‍ ധനബില്‍ മാത്രമാണ് പാസാക്കുന്നത്.

ധനബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടേണ്ടതില്ലെന്ന ഭേദഗതിക്കും നിയമസഭ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, ബില്‍ പാസാകുന്നതോടെ നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള വഴി കൂടുതല്‍ സുഗമമാകും.

ജൂലൈ 1ന് അവതരിപ്പിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനവും 175 ശതമാനവുമായി കുറയ്ക്കുന്ന നിര്‍ദേശവും ഉള്‍പ്പെടുമെന്നാണ് വിവരം. ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൂടി മതിയാകും.

മുന്നണിയുടെയും പാര്‍ട്ടിയുടെയും അന്തിമ തീരുമാനമാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നികുതി ഇളവ് സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ലെന്ന സൂചനകളാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നല്‍കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment