Friday, July 17, 2026
Kerala News

എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

എസ്എഫഐ  മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു


തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെ പൊലീസുകാരന് ഗുരുതര പരിക്ക്. പ്രതിഷേധത്തിനിടെ ബാരിക്കേഡില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് പൊലീസുകാരന്റെ ഇടത് കൈയിലെ മോതിരവിരലിന്റെ മുകള്‍ഭാഗം അറ്റുപോയി.

ഇന്നലെ നടന്ന മാര്‍ച്ചിലാണ് സംഭവം. സര്‍വകലാശാലയിലേക്ക് പ്രതിഷേധക്കാര്‍ കടക്കാതിരിക്കാനായി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഈ സമയത്ത് ബാരിക്കേഡ് ശക്തമായി കുലുക്കുന്നതിനിടെ പൊലീസുകാരന്റെ വിരല്‍ അതില്‍ കുടുങ്ങുകയായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയായതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇയര്‍ ഔട്ട് സമ്പ്രദായം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. ശ്രീകാര്യം ശാസ്താംകോണത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

അതേസമയം, ഈ മാസം 27-ന് വൈസ് ചാന്‍സലറുമായി നേരിട്ട് ചര്‍ച്ച നടത്തി വിഷയത്തിന് പരിഹാരം കാണാമെന്ന ഉറപ്പിനെ തുടര്‍ന്ന് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment