Friday, July 17, 2026
Kerala News

വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം

വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം



കണ്ണൂര്‍: ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന ദുരൂഹതകള്‍ക്ക് വിരാമമാകുന്നു. കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്നും, പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 2006-ല്‍ സംസ്‌കരിച്ച മറിയത്തിന്റെ മൃതദേഹവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.

കല്ലറയില്‍ കണ്ടെത്തിയ പായ, നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ ശവപ്പെട്ടിക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നതാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയില്‍ മറ്റൊരു മൃതദേഹമുണ്ടെന്ന സംശയമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

അടുത്തിടെ മരിച്ച ജെയിംസിനെ ക്രൈസ്തവ ആചാരപ്രകാരം ശവപ്പെട്ടിയിലാണു സംസ്‌കരിച്ചതെന്നും, പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം അടക്കം ചെയ്തിട്ടില്ലെന്നുമായിരുന്നു ബന്ധുക്കളുടെ വിശദീകരണം. ഇതോടെയാണ് കല്ലറയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 2014 മുതല്‍ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടേതാകാമെന്ന സംശയം കുടുംബാംഗങ്ങള്‍ ഉന്നയിച്ചത്.

തുടര്‍ന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചു. മറിയാമ്മയെയും ജെയിംസിനെയുമാണ് കല്ലറയില്‍ സംസ്‌കരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

ജൂണ്‍ 13-ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് മൃതദേഹസാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. ഇതോടെയാണ് ദുരൂഹത സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടക്കം മുതല്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഇടവക വികാരിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

പിന്നീട് സിജോ സ്‌കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിലവിലെ കണ്ടെത്തലുകള്‍ ദുരൂഹതകള്‍ക്ക് വിരാമമിടുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment