Friday, July 17, 2026
Kerala News

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്‌ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്‌ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം



തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സംസ്ഥാനവ്യാപക പ്രതിഷേധം പല ജില്ലകളിലും സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ക്കിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.

കൊച്ചിയില്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആലപ്പുഴയില്‍ കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

അതേസമയം, മദ്യനികുതി വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ വിശദീകരണം നല്‍കുമെന്നാണ് സൂചന. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.

ബജറ്റും ധനബില്ലും പാസായ ശേഷവും പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ തീരുമാനം നടപ്പാക്കൂ എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മുന്നണിയിലെ ലീഗ് ഇതര ഘടകകക്ഷികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment