Friday, July 17, 2026
Kerala News

FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്‍.എ.) ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും (എന്‍.ജി.ഒ.) ട്രസ്റ്റുകള്‍ക്കുമാണ് പുതിയ ഭേദഗതിയിലൂടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി നിയമഭേദഗതിക്കെതിരെ സന്നദ്ധ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നടപടി.

പുതിയ ചട്ടപ്രകാരം വിദേശ പൗരന്മാര്‍ മുഖ്യ ഭാരവാഹികളായുള്ള സംഘടനകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും. ഇന്ത്യയ്ക്ക് പുറത്തുള്ള വിദേശ പൗരന്മാര്‍ ഭാരവാഹികളായാല്‍ സാധാരണ നിലയില്‍ എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനോ മുന്‍കൂര്‍ അനുമതിയോ നല്‍കില്ലെന്ന് വ്യക്തമാക്കുന്നു. സന്നദ്ധ സംഘടനകള്‍ക്ക് വിശ്വാസ പ്രചാരണം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കുമെങ്കിലും, വിദേശ ഫണ്ട് ഉപയോഗിച്ചുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചില നിര്‍ദ്ദിഷ്ട മേഖലകളില്‍ രാഷ്ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംഘടനകള്‍ക്ക് വിലക്കുണ്ട്. കൂടാതെ, വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിനത്തില്‍ സംഘടനകള്‍ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കണമെന്ന നിബന്ധനയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പ്രധാന വിഭാഗങ്ങളിലായി വെറും 105 പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ വിദേശ ഫണ്ട് അനുവദിക്കുക.

ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്കായി വിദേശ സംഭാവന ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. വിദേശ ഫണ്ട് ഉപയോഗിച്ചുള്ള ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്കും (Speculative investments) ഒരു ലക്ഷം രൂപയാണ് പിഴ. ഇത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണിന്റെ 100 ശതമാനവും സര്‍ക്കാര്‍ തിരിച്ചുപിടിക്കും. നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കല്ലാതെ ഫണ്ട് വക മാറ്റി ചെലവഴിച്ചാലും ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കേണ്ടി വരും. ഫണ്ട് സ്വീകരിക്കുന്ന സംസ്ഥാനവും കൃത്യമായ ലക്ഷ്യവും അപേക്ഷയില്‍ മുന്‍കൂട്ടി വ്യക്തമാക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment