തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം മുന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
മഹേശന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനെ ആകെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്ന് സുധീരന്‍ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ കവലച്ചട്ടമ്പികളുടെ ഭാഷയ്ക്ക് സമാനമാണെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശ്രീനാരായണ ഗുരുവും എസ്.എന്‍.ഡി.പി നേതൃത്വവും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് വെള്ളാപ്പള്ളി ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ കാര്യക്ഷമരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മഹേശന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് സുധീരന്‍ ആരോപിച്ചു. കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ നല്‍കിയ പരാതി വീണ്ടും സര്‍ക്കാരിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
വെള്ളാപ്പള്ളിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്നും സുധീരന്‍ വിമര്‍ശിച്ചു. ആലപ്പുഴയില്‍ നിന്ന് തന്നെ പുറത്താക്കിയതിനാലാണ് താന്‍ വിരോധം പ്രകടിപ്പിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തില്‍ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment