Friday, July 17, 2026
Kerala News

ടിപ്പര്‍ ലോറി അപകടം: മരിച്ചത് രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയും, നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ടിപ്പര്‍ ലോറി അപകടം:  മരിച്ചത് രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയും,  നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കൊല്ലം: കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സ്ഥിരീകരണവുമായി മന്ത്രി പി.സി. വിഷ്ണുനാഥ്. സ്വകാര്യ കോളേജ് അധ്യാപകനായ നീലേശ്വരം സ്വദേശി ഹരിലാല്‍ (54), കൊട്ടാരക്കര കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ്, അജയകുമാര്‍ (45) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ടിപ്പര്‍ ലോറികളുടെ അപകടപ്പാച്ചില്‍ അത്യന്തം ആശങ്കാജനകമാണെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ച മന്ത്രി, പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

രാവിലെ 7.15-ഓടെയാണ് നാടിനെ നടുക്കിയ ദാരുണമായ ഈ അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപം പന്ത്രണ്ടോളം ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ എട്ടുപേരാണ് ലോറിക്കടിയിലും മണ്ണിലും പെട്ടത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട എട്ടുപേരെയും പൂര്‍ണ്ണമായി പുറത്തെടുത്തിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സാരമായി പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേസമയം, അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മണ്ണുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരുടെ മേലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് മിനിറ്റുകളോളമാണ് ഇവിടെ ആശങ്കാജനകമായ അന്തരീക്ഷം നിലനിന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളെയും പുറത്തെടുത്തത്. സംഭവസ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment