Friday, July 17, 2026
India News

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്‍ക്കെതിരെ നടപടി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്‍ക്കെതിരെ നടപടി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളും അന്വേഷണവും ശക്തമാക്കി അധികൃതര്‍. വഴിപാടുകളും സംഭാവനകളും എണ്ണുന്ന ചുമതലയില്‍ നിന്ന് 40 ജീവനക്കാരെ അടിയന്തരമായി മാറ്റി നിര്‍ത്തി. പണം തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ കര്‍ശനമാക്കിയ അന്വേഷണസംഘം, ഇതിനോടകം നൂറിലധികം പേരെയാണ് പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്തത്. തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എസ്.ഐ.ടി ശേഖരിച്ചുവരികയാണ്. അതേസമയം, നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സംഭാവനാ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഭക്തരുടെ വിശ്വാസവും പൊതുതാത്പര്യവും സംരക്ഷിക്കുന്നതിനായി കര്‍ശനമായ ഓഡിറ്റ് മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും, ഇതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്നതിനായി പുറത്തുനിന്നുള്ളവരെ നിയമിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളെയാണ് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ നിയമിച്ചത്. ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന അനുകുല്‍ മിശ്ര പണം എണ്ണുന്നതിനായി തന്റെ സഹോദരീഭര്‍ത്താവ് ലവ്കുഷ് മിശ്രയെ നിയമിച്ചതായും വിവരമുണ്ട്. പണം എണ്ണുന്ന ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തൊഴിലാളികളെ കൃത്യമായ ശരീരപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്ന ഗുരുതരമായ സുരക്ഷാവീഴ്ചയും അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മഹാകുംഭമേളക്കാലത്താണ് വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. അക്കാലയളവില്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സംഭാവനകള്‍ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തില്‍, ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി ഇപ്പോള്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. സമാജ്വാദി പാര്‍ട്ടിയും (SP) ആം ആദ്മി പാര്‍ട്ടിയും (AAP) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഈ മാസം 13-നാണ് യു.പി സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്.ഐ.ടിയെ നിയോഗിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment