തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികളിലും മുന്നണിയിലും ഇതിനെതിരെ എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത നിലപാടും വിവിധ സമുദായ സംഘടനകളില്‍ നിന്നുള്ള വിയോജിപ്പും സര്‍ക്കാരിനെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായാണ് സൂചന. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മന്ത്രിമാരുമായി അടിയന്തരമായി ആശയവിനിമയം നടത്തും.
അതേസമയം, നിയമസഭയില്‍ പിഎം ശ്രീ പദ്ധതി, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നീക്കം നടത്തുന്നത്. എന്നാല്‍, ഈ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിരുന്നപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന എല്‍.ഡി.എഫിനെ ഇതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് ഭരണപക്ഷമായ യു.ഡി.എഫിന്റെ തന്ത്രം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച വിഷയത്തില്‍ ഭരണമുന്നണിയില്‍ തന്നെയുള്ള അസംതൃപ്തിയും എല്‍.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന് നിലവിലുണ്ടായിരുന്ന 250 ശതമാനം നികുതി 120 ശതമാനമായി കുറച്ചതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കര്‍ണാടകയിലെ മദ്യ കമ്പനികളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും, ഇതിലൂടെ എത്ര രൂപയാണ് ഇടപാടായി ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, വീര്യംകുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. നികുതി നിശ്ചയിച്ചത് വില്‍പനയ്ക്കുള്ള അംഗീകാരമല്ലെന്നും, നിയമസഭാ സമ്മേളനത്തിന് ശേഷം അബ്കാരി നയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീര്യം കുറഞ്ഞ മദ്യം എന്ന ആശയം ആദ്യമായി ആവിഷ്‌കരിച്ചതും അത് ഉല്‍പാദിപ്പിക്കാന്‍ ഡിസ്റ്റലറികള്‍ക്ക് അനുമതി നല്‍കിയതും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് മന്ത്രി എം. ലിജു ഓര്‍മ്മിപ്പിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേരളത്തിന് അനുയോജ്യമായ മദ്യനയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സര്‍ക്കാരിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മേഖലയ്ക്ക് വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കാനാണെന്നും എല്‍.ഡി.എഫ് കാലത്ത് ഇത്തരമൊരു നിര്‍ദേശം വന്നിരുന്നെങ്കിലും അന്ന് തീരുമാനമെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment