Friday, July 17, 2026
Kerala News

മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍

 മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍


തിരുവനന്തപുരം: മദ്യനയം ഉള്‍പ്പെടെ സര്‍ക്കാരിന്റെ ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ആവശ്യമായാല്‍ പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം മാത്രമാണ് പിന്നിട്ടതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മദ്യനയത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, അവയ്ക്ക് വ്യക്തത വരുത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്കകത്തും ചര്‍ച്ച ചെയ്യുമെന്നും, എന്നാല്‍ നിലവിലെ വിമര്‍ശനങ്ങളില്‍ പങ്കുചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

ബജറ്റില്‍ സര്‍ക്കാര്‍ നിരവധി മികച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പദ്ധതികളാണ് അവയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ നിരവധി നല്ല തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും, നിലവിലുള്ള ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകുക മാത്രമാണ് ഇനി വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment