Friday, July 17, 2026
Kerala News

ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്‍

ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്‍




തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആരോഗ്യരംഗത്ത് ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും കൃത്യമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിപ വ്യാപകമായി പടരാതിരുന്നതും രോഗബാധ മൂലം ഇത്തവണ ആരും മരിക്കാതിരുന്നതും ആശ്വാസകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, നിപ പ്രതിരോധ നടപടികളില്‍ വലിയ കാലതാമസം ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

നിപ സ്ഥിരീകരിച്ച കോഴിക്കോട് ആരോഗ്യ മന്ത്രി വൈകിയാണ് എത്തിയതെന്നും, മറ്റ് കാര്യങ്ങള്‍ മാറ്റിവെച്ച് സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ പോലും സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഭരണമാറ്റം അറിയാത്തവരെയാണ് മാറ്റിയതെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചില്ലെന്നും കാലവര്‍ഷത്തിന് മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയില്ലെന്നും ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയുള്ള പ്രവര്‍ത്തനം സര്‍ക്കാരിന് സാധിച്ചില്ലെന്നും, ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റങ്ങള്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment