Friday, July 17, 2026
Kerala News

എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

 എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

വൈപ്പിന്‍:  എറണാകുളം വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച കപ്പലിന് വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാലാക്ഷി എന്ന കപ്പലിന് തീപിടിച്ചത്. പെയിന്റിങ് ജോലികള്‍ക്കും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഈ കപ്പല്‍ യാര്‍ഡില്‍ എത്തിച്ചിരുന്നത്. അപകടസമയം കപ്പലിന് സമീപത്തായി തന്നെ കിടന്നുറങ്ങുകയായിരുന്ന യാര്‍ഡിലെ ജീവനക്കാരാണ് തീപിടിത്തമുണ്ടായ വിവരം ആദ്യം കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.

അപകടത്തില്‍ കപ്പലിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. കപ്പലിന്റെ ഉള്ളില്‍ നിന്ന് ഇപ്പോഴും കനത്ത പുക ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന് ഇതുവരെ സാധിച്ചിട്ടില്ല. പുക പൂര്‍ണ്ണമായും മാറി അന്തരീക്ഷം വ്യക്തമായാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കപ്പലിന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. നിലവില്‍ കപ്പലിനകത്തെ കനത്ത പുകയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാന തടസ്സമായി നില്‍ക്കുന്നത്.

തീ നിയന്ത്രണവിധേയമാക്കുന്നതിനായി വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഏകദേശം 5 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് നിലവില്‍ സ്ഥലത്ത് എത്തിയിട്ടുള്ളത്. ഇതിനുപുറമേ കപ്പലിലെ തീപിടിത്തം പൂര്‍ണ്ണമായി പ്രതിരോധിക്കുന്നതിനായി കൊച്ചി പോര്‍ട്ടില്‍ നിന്നുള്ള പ്രത്യേക ഹൈഡ്രന്റ് സംവിധാനങ്ങളും സംഭവസ്ഥലത്ത് എത്തിച്ചു കഴിഞ്ഞു. സമീപത്ത് മറ്റ് ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള കടുത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഫയര്‍ഫോഴ്‌സ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment