Friday, July 17, 2026
Kerala News

വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി

 വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി



തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റ് പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി ജി. സുധാകരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും അതിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ നടപ്പാക്കുക.

ചെടിച്ചട്ടികളുടെ അടിഭാഗം ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക, ഉപയോഗിക്കാത്ത ശൗചാലയങ്ങള്‍ ശുചീകരിക്കുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവയ്ക്കുക, വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ നീക്കം ചെയ്യുക തുടങ്ങിയ മുന്‍കരുതലുകള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഫലപ്രദമായ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ കഴിയൂവെന്നും ഡ്രൈ ഡേ പരിപാടി അടുത്ത ആഴ്ചകളിലും തുടരുമെന്നും മന്ത്രി പറഞ്ഞു. ഹൈപവര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എപിഡമിക് കലണ്ടര്‍ തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment