Friday, July 17, 2026
Kerala News

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

 കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍



തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേരും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഹൈക്കമാന്‍ഡ് നേതൃത്വത്തെ സമീപിച്ചു. 1978 മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രവര്‍ത്തന മികവും വിലയിരുത്തി അവസരം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ജാതി സമവാക്യങ്ങള്‍ അടിസ്ഥാനമാക്കി കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തന പാരമ്പര്യം, രാഷ്ട്രീയ അനുഭവം, സംഘടനാ മികവ്, നേതൃത്വ ശേഷി എന്നിവ മാനദണ്ഡമാക്കിയാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിച്ച അനുഭവം തനിക്കുണ്ടെന്നും, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ദുര്‍ബലമാക്കിയത് അമിതമായ ഗ്രൂപ്പ് പോരാട്ടങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന പേരുകളില്‍ പൈതൃകവും പ്രവര്‍ത്തന പാരമ്പര്യവും കഴിവും വിലയിരുത്തിയാല്‍ തന്നെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെട്ടു. ഒരു ഗ്രൂപ്പിന്റെയും പിന്തുണ തനിക്ക് ആവശ്യമില്ലെന്നും, ഒരു വിഭാഗത്തിനുവേണ്ടിയും നിലകൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ് നേതാവ് സി.എം. സ്റ്റീഫന് ശേഷം കേരളത്തിലെ ശ്രദ്ധേയനായ പ്രഭാഷകരില്‍ ഒരാളായിരുന്നു താനെന്നും, സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും നിരവധി തവണ പ്രസംഗിച്ച അനുഭവം തനിക്കുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment