ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എന്‍ഡിഎസ്എ) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുന്‍ കേന്ദ്ര ജല കമ്മീഷന്‍ (സിഡബ്ല്യുസി) ചീഫ് എഞ്ചിനീയറായ ടി.കെ. ശിവരാജനെയാണ് സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. അദ്ദേഹത്തിന് പകരമായി ഉത്തര്‍പ്രദേശ് സ്വദേശി പ്രൊഫ. എം.എല്‍. ശര്‍മയെ നിയമിച്ച് എന്‍ഡിഎസ്എ ഉത്തരവിറക്കി.
വ്യക്തിപരമായ കാരണങ്ങളാല്‍ ടി.കെ. ശിവരാജന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് മാറ്റമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് സമിതി പുനഃസംഘടിപ്പിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പുതുതായി നിയമിതനായ പ്രൊഫ. എം.എല്‍. ശര്‍മ, ഐഐടി റൂര്‍ക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡാംസിന്റെ മേധാവിയുമാണ്.
2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി ഈ വര്‍ഷം ജനുവരി 6-നാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. ബല്‍രാജ് ജോഷിയാണ് സമിതിയുടെ ചെയര്‍മാന്‍. ഗോപാല്‍ ധവാന്‍, ഗുല്‍ഷന്‍ രാജ്, എന്‍. ശിവകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി അറിയിച്ചു. പുതുക്കിയ ഉത്തരവിന്റെ പകര്‍പ്പ് കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും തമിഴ്‌നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment