കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഏത് സമയത്തും ഒഴിയാന്‍ തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. എംഎല്‍എയും കെപിസിസി അധ്യക്ഷനുമായുള്ള ഇരട്ട ചുമതല ഒരുമിച്ച് നിര്‍വഹിക്കുന്നതിലെ പ്രയാസം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ വിവിധയിടങ്ങളില്‍ ഫ്‌ലെക്‌സുകള്‍ ഉയര്‍ന്നത് ആരുടെ നേതൃത്വത്തിലാണെന്ന് അറിയില്ലെന്നും, പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ തന്നെ ഉന്നയിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഫ്‌ലെക്‌സുകളിലെ ആവശ്യങ്ങളും നേതൃത്വം പരിഗണിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലും തൃശൂരിലുമായി ഫ്‌ലെക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരാള്‍ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും, മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നുമാണ് ഫ്‌ലെക്‌സുകളിലെ ആവശ്യം. എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഫ്‌ലെക്‌സുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment