Tuesday, September 1, 2026
India News

നാവിക സേനക്ക് ഇനി തദ്ദേശീയ കരുത്ത്; മൂന്ന് കപ്പലുകള്‍ കമ്മിഷന്‍ ചെയ്ത് പ്രധാനമന്ത്രി

നാവിക സേനക്ക് ഇനി തദ്ദേശീയ കരുത്ത്; മൂന്ന് കപ്പലുകള്‍ കമ്മിഷന്‍ ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിച്ചുകൊണ്ട് തദ്ദേശീയമായി നിര്‍മിച്ച മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഐഎന്‍എസ് ദുനഗിരി (INS Dunagiri), ഐഎന്‍എസ് അഗ്രേ (INS Agray), ഐഎന്‍എസ് സന്‍ശോധക് (INS Sanshodhak) എന്നീ കപ്പലുകള്‍ അദ്ദേഹം കമ്മിഷന്‍ ചെയ്തത്. പ്രതിരോധ രംഗത്ത് രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ കൂടുതല്‍ മുന്നോട്ട് പോകുകയാണെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയംപര്യാപ്തതയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനമെന്നും തുറമുഖ വികസനത്തില്‍ ഇന്ത്യ വലിയ നേട്ടമാണ് സ്വന്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, സമുദ്രസുരക്ഷയ്ക്കായി വന്‍ നിക്ഷേപമാണ് നടത്തുന്നതെന്നും പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാവികസേനയുടെ ഭാഗമായ മൂന്ന് കപ്പലുകളും അതീവ സുരക്ഷാ സവിശേഷതകള്‍ ഉള്ളവയാണ്. അത്യാധുനിക ആയുധങ്ങളും സെന്‍സര്‍ സ്യൂട്ടുകളും തദ്ദേശീയ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും സമന്വയിപ്പിച്ച കപ്പലാണ് ഐഎന്‍എസ് ദുനഗിരി. കൃത്യത, ശക്തി, ചടുലത എന്നിവയാണ് ഈ കപ്പലിന്റെ പ്രധാന സവിശേഷതകളെന്ന് നാവികസേന വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും ആധുനികമായ ജല, തീരദേശ നിരീക്ഷണം സാധ്യമാക്കുന്ന കപ്പലാണ് ഐഎന്‍എസ് സന്‍ശോധക്. നാവികസേനയുടെ നാലാമത്തെ സര്‍വേ വെസ്സല്‍ കൂടിയായ ഈ കപ്പല്‍ തീരദേശ, ആഴക്കടല്‍ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ക്കും പ്രതിരോധ, സിവില്‍ ആവശ്യങ്ങള്‍ക്കായി സമുദ്രശാസ്ത്ര-ഭൂഭൗതിക ഡാറ്റ ശേഖരിക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ്, റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് എന്നിവയുള്‍പ്പെടെയുള്ള നൂതന സര്‍വേ സംവിധാനങ്ങള്‍ ഇതിലുണ്ട്.

അര്‍നാല ക്ലാസ് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിലെ നാലാമത്തെ കപ്പലായ ഐഎന്‍എസ് അഗ്രേ വെള്ളത്തിനടിയിലുള്ള ശത്രുക്കളുടെ ഭീഷണികള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേകമായി നിര്‍മിച്ചതാണ്. ഭാരം കുറഞ്ഞ ടോര്‍പ്പിഡോകള്‍, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകള്‍, ആഴം കുറഞ്ഞ ജല സോണാര്‍ സംവിധാനങ്ങള്‍ എന്നിവയാല്‍ ഈ കപ്പല്‍ സജ്ജീകരിച്ചിരിക്കുന്നു. കൊല്‍ക്കത്തയില്‍ നടന്ന കമ്മിഷനിങ് ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍. എന്‍. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. മൂന്ന് അത്യാധുനിക തദ്ദേശീയ കപ്പലുകള്‍ ഒന്നിച്ച് നാവികസേനയുടെ ഭാഗമായത് ഇന്ത്യന്‍ സമുദ്രമേഖലയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment