Friday, July 17, 2026
Kerala News

സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം: വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍

സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം: വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍

സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലും തൃശൂരിലെ പ്രധാന കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരാള്‍ തന്നെ ഒരേസമയം രണ്ട് പദവികള്‍ വഹിക്കുന്നത് ശരിയല്ലെന്നും, സംഘടനയ്ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു അധ്യക്ഷനാണ് ആവശ്യമെന്നുമാണ് ബോര്‍ഡുകളിലെ പ്രധാന ഉള്ളടക്കം.

നിലവിലെ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ ഇരട്ടപ്പദവി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തത്. കെപിസിസിക്ക് പൂര്‍ണസമയവും നീക്കിവെക്കാന്‍ കഴിയുന്ന ഒരാള്‍ തലപ്പത്ത് വരണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എംപിയും എംഎല്‍എയും ആയവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും, പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മന്ത്രിമാരായ മറ്റുള്ളവരെയും മാറ്റിനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഭരണകാലയളവില്‍ ഉടനീളം സജീവമായി ഓടിനടന്ന് പാര്‍ട്ടിയെയും അണികളെയും ഒരുപോലെ കെട്ടിപ്പടുക്കാന്‍ പ്രാപ്തിയുള്ളവരാകണം ഇനി നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. പരമാവധി 55 വയസിനകത്തുള്ള യുവാക്കള്‍ക്കോ പുതുമുഖങ്ങള്‍ക്കോ മുന്‍ഗണന നല്‍കി കെപിസിസിയുടെ തലപ്പത്ത് മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രാധാന്യം നല്‍കിയ അതേ മാതൃക തന്നെ വരാനിരിക്കുന്ന കെപിസിസി, ഡിസിസി പുനഃസംഘടനകളിലും കൃത്യമായി തുടരാനാണ് പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ആലോചന.







Related News

Comments

No comments yet. Be the first to comment!

Leave a Comment