Friday, July 17, 2026
Kerala News

വീര്യം കുറഞ്ഞ മദ്യം നാട്ടില്‍ മുഴുവന്‍ ഒഴുക്കാന്‍ ആണ് യുഡിഎഫിന്റെ പദ്ധതി: എം ബി രാജേഷ്

വീര്യം കുറഞ്ഞ മദ്യം നാട്ടില്‍ മുഴുവന്‍ ഒഴുക്കാന്‍ ആണ് യുഡിഎഫിന്റെ പദ്ധതി: എം ബി രാജേഷ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത അഴിമതി ആരോപണവുമായി മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. പുതിയ ബജറ്റിലൂടെ സംസ്ഥാനത്ത് മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് പദ്ധതിയിടുന്നതെന്നും, ഈ നികുതിയിളവിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മദ്യത്തിനെതിരെ വലിയ പ്രസംഗം നടത്തിയവര്‍ തന്നെ ഇപ്പോള്‍ മദ്യം സുലഭമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെ സഹായിക്കാനായി പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നതെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. അന്ന് കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈനിന്റെ അതേ നികുതി ഘടന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

0.5 ശതമാനം മുതല്‍ 10 ശതമാനം വരെ സ്പിരിറ്റ് അടങ്ങിയ മദ്യത്തിനാണ് ഇപ്പോള്‍ ബജറ്റിലൂടെ കുറഞ്ഞ നികുതി നിരക്ക് (120 ശതമാനം) നിശ്ചയിച്ച് ഇളവ് നല്‍കിയിരിക്കുന്നത്. ഒരു പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയുടെ മാത്രം ആവശ്യപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍പ് നിഷേധിച്ച ഈ നികുതിയിളവ് ഇപ്പോള്‍ യുഡിഎഫ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറയുന്ന ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി, ഈയൊരൊറ്റ തീരുമാനത്തിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയിരിക്കുന്നതെന്നും എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത്രയും വലിയ വരുമാന നഷ്ടം സഹിച്ചുകൊണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിപണി ഒരുക്കിക്കൊടുക്കാന്‍ കര്‍ണാടക മദ്യലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍ മന്ത്രി ആരോപിച്ചു. ശീതളപാനീയം പോലെ എളുപ്പത്തില്‍ വാങ്ങി ഉപയോഗിക്കാനാകുന്ന ഇത്തരം റെഡി ടു ഡ്രിങ്ക് മദ്യങ്ങള്‍ സുലഭമാകുന്നതോടെ പുതിയ തലമുറ ഇതിലേക്ക് വ്യാപകമായി ആകര്‍ഷിക്കപ്പെടും. കേരളത്തിന് ഇത്രയും വലിയ സാമ്പത്തിക നഷ്ടവും സാമൂഹിക പ്രത്യാഘാതവും ഉണ്ടാക്കിയ ഈ തീരുമാനത്തിന് പിന്നിലെ കൊടുക്കല്‍ വാങ്ങലുകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment