തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി. എന്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ണായക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഗണേഷ് കുമാറിന് പകരം ബി.ആര്‍.കെ. ബാബുവിനെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പത്തനാപുരം താലൂക്ക് യൂണിയന്റെ കീഴില്‍ പുനലൂരില്‍ നിര്‍മ്മിച്ച പത്മ കഫെയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെയുള്ള അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. പദ്ധതിക്കായി നാല് കോടി രൂപ ചെലവഴിച്ചതില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനില്‍ വലിയ ആഭ്യന്തര കലഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
അഴിമതി ആരോപണങ്ങളിലും ഗണേഷ് കുമാറിന്റെ ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ച് താലൂക്ക് യൂണിയനിലെ 19 അംഗ ഭരണസമിതിയിലെ 11 പേര്‍ ഒരുമിച്ച് രജിസ്ട്രാര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും ഒഴിഞ്ഞതോടെ പത്തനാപുരം താലൂക്ക് യൂണിയന്‍ കമ്മിറ്റി എന്‍എസ്എസ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പിരിച്ചുവിടുകയും പകരം താല്‍ക്കാലിക അഡ്‌ഹോക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ നീക്കിയിരിക്കുന്നത്.
പത്മ കഫെ നിര്‍മ്മാണ വിവാദവും അതിനെത്തുടര്‍ന്നുണ്ടായ എന്‍എസ്എസ് നേതൃത്വവുമായുള്ള ഭിന്നതയും ഗണേഷ് കുമാറിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചത്. വര്‍ഷങ്ങളായി അദ്ദേഹം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ പരാജയപ്പെടാന്‍ പ്രധാന കാരണം ഈ പത്മ കഫെ വിവാദവും സമുദായ സംഘടനയ്ക്കുള്ളിലുണ്ടായ ശക്തമായ പടനീക്കങ്ങളുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment