തൃശ്ശൂര്‍: ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്‍. ശ്രീകുമാര്‍ സ്ഥാനം രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് ശ്രീകുമാര്‍ രാജിക്കത്ത് കൈമാറിയത്. തന്നെ തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബപരമായ ഒരു ചെറിയ വിഷയത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ വ്യക്തിഹത്യയിലേക്കും അനാവശ്യ വിവാദങ്ങളിലേക്കും നയിക്കുകയാണെന്നും, തന്റെ ചോരയ്ക്കായി പലരും ഈ ഒരു വര്‍ഷക്കാലമായി ദാഹിക്കുന്നുണ്ടെന്നും ശ്രീകുമാര്‍ രാജിക്കത്തില്‍ ആരോപിക്കുന്നു.
ഈ മാസം ഒമ്പതാം തീയതിയാണ് ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക തനിക്കെതിരെ മതിലകം പോലീസില്‍ പരാതി നല്‍കുന്നത്. സ്വന്തം വീട്ടില്‍ പോയി മടങ്ങിയെത്താന്‍ വൈകിയെന്ന് ആരോപിച്ച് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക പരാതിയില്‍ പറഞ്ഞിരുന്നു. ഭിത്തിയില്‍ കൈവെച്ച് പ്രതിരോധിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമം (നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചതോടെ, ഹര്‍ജി പരിഗണിക്കുന്നത് വരെ താല്‍ക്കാലികമായി അറസ്റ്റ് തടയാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഇതിനിടെ, മര്‍ദനത്തിന് പരാതി നല്‍കിയ ഭാര്യ പ്രിയങ്കയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ നേതാവിന്റെ ഭീഷണിയുമുണ്ടായി. കേസ് അടിയന്തിരമായി പിന്‍വലിച്ച് കോടതിയില്‍ അനുകൂല മൊഴി നല്‍കിയില്ലെങ്കില്‍ വകവരുത്തുമെന്നായിരുന്നു ഭീഷണി. വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പ്രമുഖ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ട് നല്‍കിയ പരാതിക്ക് പിന്നാലെയായിരുന്നു ഈ അടിയന്തര പോലീസ് നടപടി. ഗിരീഷിന് പിന്നാലെ താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേര്‍ കൂടി എത്തി തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക ആരോപിക്കുന്നു. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും കേസില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് പ്രിയങ്കയുടെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment