Friday, July 17, 2026
India News

പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

  പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം


പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, അമിത പരീക്ഷാ ഫീസ് തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഒപ്പുശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയോ പരീക്ഷാ ക്രമക്കേടുകളോ അമിത ഫീസോ മൂലം ബുദ്ധിമുട്ട് നേരിട്ട വിദ്യാര്‍ത്ഥികള്‍ ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

ഇത് വെറും രാഷ്ട്രീയ പ്രചാരണമല്ലെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും ആശങ്കകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ജനാധിപത്യ മാര്‍ഗമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനം കുട്ടികളുടെ സ്വപ്നങ്ങളെയും കഴിവുകളെയും വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ തൊഴില്‍മേഖലയിലേക്ക് പ്രാപ്തരാക്കുന്നതില്‍ നിലവിലെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിദ്യാഭ്യാസത്തിനായി കുടുംബങ്ങള്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് വളരെ കുറച്ച് ആളുകള്‍ക്കാണ് സ്ഥിരവരുമാനമുള്ള തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യുവാക്കളുടെ അഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിലവിലെ വിദ്യാഭ്യാസ സംവിധാനം സഹായിക്കുന്നില്ലെന്നും പലപ്പോഴും പരിമിതമായ തൊഴില്‍ തിരഞ്ഞെടുപ്പുകളിലേക്ക് അവരെ ചുരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എഞ്ചിനീയറിംഗ്, മെഡിസിന്‍, സിവില്‍ സര്‍വീസ്, നിയമം, സായുധസേന തുടങ്ങിയ പരമ്പരാഗത മേഖലകള്‍ക്ക് പുറത്തുള്ള തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സംവിധാനത്തില്‍ ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment