Friday, July 17, 2026
India News

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം

 ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം



യുഎസ് സൈനിക ഉപരോധം പിന്‍വലിക്കുകയും യുഎസ്-ഇറാന്‍ സമാധാന ധാരണയിലേക്ക് നീങ്ങുകയും ചെയ്തതോടെ ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം വീണ്ടും സാധാരണ നിലയിലേക്ക്. ഇതോടെ ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 40 കപ്പലുകളാണ് ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്ക് യാത്രതിരിക്കാന്‍ ഒരുങ്ങുന്നത്. ഇവയില്‍ ഭൂരിഭാഗവും എല്‍പിജി ഉള്‍പ്പെടെയുള്ള ഇന്ധന ചരക്കുകളുമായാണ് എത്തുന്നത്.

ഹോര്‍മൂസ് കടലിടുക്ക് തുറന്നതോടെ കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ ബാധിച്ചിരുന്ന ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഹോര്‍മൂസ് മേഖലയ്ക്ക് സമീപം കുടുങ്ങിക്കിടന്നിരുന്ന ഇന്ധനവും രാസവളവും വഹിക്കുന്ന 34 ഇന്ത്യന്‍ കപ്പലുകളും ഉടന്‍ ഇന്ത്യയിലേക്ക് യാത്രതിരിക്കുമെന്നാണ് വിവരം.  

ഒമാന്‍ തീരത്തിന് സമീപം യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment