സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
മധ്യകേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഞായറാഴ്ച മുതല്‍ വടക്കന്‍ കേരളത്തിലും മഴയുടെ ശക്തി വര്‍ധിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളില്‍ നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment