Friday, July 17, 2026
Kerala News

യുഡിഎഫ് വാഗ്ദാനങ്ങള്‍ വോട്ട് തേടാനുള്ള തന്ത്രം; സര്‍ക്കാരിന് സംഘപരിവാര്‍ വിധേയത്വം: പിണറായി വിജയന്‍

യുഡിഎഫ് വാഗ്ദാനങ്ങള്‍ വോട്ട് തേടാനുള്ള തന്ത്രം; സര്‍ക്കാരിന് സംഘപരിവാര്‍ വിധേയത്വം: പിണറായി വിജയന്‍

തിരുവനന്തപുരം:  യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ രംഗത്ത്. വി ഡി സതീശന്‍ സര്‍ക്കാരിന് സംഘപരിവാര്‍ വിധേയത്വമാണെന്നും, അധികാരത്തില്‍ എത്തിയതോടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയിലും ജനയുഗത്തിലും എഴുതിയ ലേഖനത്തിലൂടെയാണ് പ്രതിപക്ഷനേതാവ് പുതിയ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങളുടെ അടിവേരിളക്കുന്ന രാഷ്ട്രീയ രേഖയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് നയങ്ങളെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍, പ്രവൃത്തിയില്‍ അതില്‍ നിന്ന് പൂര്‍ണ്ണമായി വ്യതിചലിച്ചതായാണ് ധവളപത്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം എന്ന മുദ്രാവാക്യം കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള ഒന്നാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണം തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതല്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് ഉണ്ടായത്. ആര്‍എസ്എസ് പരിപാടിയില്‍ മൂന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ഇതിന്റെ തെളിവാണ്. ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പരസ്യമായി വ്യക്തമാക്കിയതും, പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്വീകരിച്ച നിലപാടുകളും മുന്‍ നയങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനം നിലവില്‍ നേരിടുന്ന പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം, വന്യജീവി ആക്രമണം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്നതില്‍ പുതിയ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍, വോട്ട് തട്ടാന്‍ വേണ്ടി മാത്രമാണ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ നല്‍കിയതെന്നും പ്രതിപക്ഷനേതാവ് തന്റെ ലേഖനത്തിലൂടെ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment