Friday, July 17, 2026
Kerala News

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപനിയും മറ്റ് പകര്‍ച്ചവ്യാധികളും അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും (ഡിഎംഒ) അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളും ഡ്രൈ ഡേ ആചരണവും സംഘടിപ്പിക്കും.

വരുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും. കൊതുക് വളരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി ഡെങ്കിപ്പനി പടരുന്നത് തടയാനും, ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 13,196 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് നിലവില്‍ പനി വ്യാപനം ഏറ്റവും കൂടുതല്‍. പനിക്ക് പുറമെ ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ചിക്കന്‍പോക്‌സ് എന്നിവ ബാധിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് ഉയര്‍ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്.

ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടുപേര്‍ക്ക് ഷിഗെല്ലയും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ 85 പേര്‍ക്ക് ചിക്കന്‍പോക്‌സും, 11 പേര്‍ക്ക് എലിപ്പനിയും, 5 പേര്‍ക്ക് മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. ഇതോടൊപ്പം 22 പേര്‍ക്ക് മഞ്ഞപ്പിത്തവും, രണ്ടുപേര്‍ക്ക് ടൈഫോയിഡും, ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ മാത്രം 1343 പേര്‍ക്ക് ചിക്കന്‍പോക്‌സും, 924 പേര്‍ക്ക് ഡെങ്കിപ്പനിയും, 363 പേര്‍ക്ക് മഞ്ഞപ്പിത്തവും, 130 പേര്‍ക്ക് എലിപ്പനിയും, 79 പേര്‍ക്ക് ഷിഗെല്ലയും, 41 പേര്‍ക്ക് മലേറിയയും ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

രോഗവ്യാപനത്തിനൊപ്പം മരണസംഖ്യ ഉയരുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഒരു മഞ്ഞപ്പിത്ത മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ പാലക്കാട് കരിമ്പുഴ സ്വദേശിയായ ജിജോ മോഹന്‍ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതോടെ പാലക്കാട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.







Related News

Comments

No comments yet. Be the first to comment!

Leave a Comment