തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശി നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. കേസില്‍ വനിതാ-ശിശു വികസന വകുപ്പിനെ കക്ഷിചേര്‍ത്ത കോടതി, അന്വേഷണ ഉദ്യോഗസ്ഥനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടിയുടെ മുത്തശി റീന ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ച ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ ശ്രദ്ധ നേടിയത്. കുഞ്ഞ് ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടിയത്.
ഓഡിയോ സംഭാഷണത്തില്‍, കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക റീന അറിയിക്കുന്നുണ്ടെങ്കിലും, പരാതി ഗൗരവമായി പരിഗണിക്കപ്പെട്ടില്ലെന്നാണ് വ്യക്തമാകുന്നത്. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച റീന, അപകടത്തില്‍പ്പെട്ടതാണെന്ന വിശദീകരണത്തില്‍ വിശ്വാസമില്ലെന്നും, കുഞ്ഞിനെ ഉപദ്രവിച്ചിരിക്കാമെന്ന സംശയം ഉണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പരാതി ലഭിച്ച ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് കുടുംബത്തോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതല്ലാതെ മറ്റ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.
Comments
No comments yet. Be the first to comment!
Leave a Comment