Friday, July 17, 2026
Kerala News

മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും

മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ഇന്ന് ഏറെ നിര്‍ണായക ദിനം. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് വീണ വിജയനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് വീണയ്ക്ക് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് നല്‍കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ (CMRL) നിന്നും എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ എങ്ങനെയെല്ലാമാണ് വിനിയോഗിച്ചത്, എന്ത് സേവനമാണ് ഇതിനായി നല്‍കിയത് തുടങ്ങിയ കാര്യങ്ങളിലാണ് ഇ.ഡി ഇന്ന് വ്യക്തത വരുത്താന്‍ ശ്രമിക്കുക. ഈ പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. കൈപ്പറ്റിയ തുക ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ അവ കണ്ടുകെട്ടാനുള്ള നീക്കങ്ങളിലേക്കും ഇ.ഡി കടന്നേക്കും. ഇതിനുപുറമേ, ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPL-ല്‍ നിന്നും വീണയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവ് വിവരങ്ങളും വീണയ്ക്ക് ഇ.ഡിക്ക് മുന്നില്‍ വിശദീകരിക്കേണ്ടി വരും.

മാസപ്പടി കേസില്‍ കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് നിലവില്‍ ശരണ്‍ എസ്. കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ എസ്. കര്‍ത്ത. പിഎംഎല്‍എ (PMLA) ആക്ട് സെക്ഷന്‍ 50 പ്രകാരമാണ് ഇവരെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാവും ഇന്ന് വീണ വിജയനെ ചോദ്യം ചെയ്യുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment