തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തി മുന്‍മന്ത്രി പി. രാജീവ്. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ശരിയായില്ലെന്നും, അത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്നും പാര്‍ട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.
വര്‍ഗ-ബഹുജന സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി നിലപാട് രേഖകളില്‍ മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും, അദ്ദേഹത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പിഴവുണ്ടായെന്നും രാജീവ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തിലും സംഘടനാ സാങ്കേതികത്വങ്ങള്‍ നോക്കാതെ സമയോചിതമായി നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ടായതായി അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്ന് ഭാവിയില്‍ ഇത്തരം വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും രാജീവ് അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും തോല്‍വിക്ക് പിന്നാലെയും പാര്‍ട്ടി വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും, വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ചാല്‍ വലിയ തിരിച്ചടികളില്ലാതെ മുന്നേറാമെന്ന വിലയിരുത്തലാണ് അന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment