സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഡോ. എസ്.എസ്. ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കൊപ്പം ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ വിദഗ്ധരും കമ്മിറ്റിയില്‍ അംഗങ്ങളാകും.
ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ മേഖലകളുടെയും സഹകരണം അനിവാര്യമാണെന്നും, അതിനെ സ്വകാര്യവത്കരണമായി ആരും കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക മാത്രമാണ് കമ്മിറ്റിയുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി അറിയിച്ചു. ഈ വര്‍ഷം ആകെ 146 കേസുകളാണ് സ്ഥിരീകരിച്ചത്. ഷിഗല്ല ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായും, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ജില്ല പത്തനംതിട്ടയാണെന്നും വ്യക്തമാക്കി.
നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മരുന്നുകളും നിലവില്‍ സ്റ്റോക്കിലുണ്ടെന്നും, ഇതുവരെ നടത്തിയ 38 പരിശോധനകളുടെയും ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
പകര്‍ച്ചപ്പനി നിയന്ത്രണത്തിനായി സീസണ്‍ അടിസ്ഥാനത്തിലുള്ള പ്രതിരോധ കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ കാലാവസ്ഥയിലും സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കും. ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും, ജില്ലാതലത്തില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റുകളും ആക്ഷന്‍ കമ്മിറ്റികളും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ആര്‍ആര്‍ടി ടീമുകളുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
അതേസമയം, പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച മന്ത്രി, നിയമനത്തില്‍ അപാകതയില്ലെന്ന് വ്യക്തമാക്കി. ഒരു അഭിഭാഷകന്‍ ഏത് കക്ഷിക്കുവേണ്ടിയും നിയമപരമായി വാദിക്കുന്നത് സ്വാഭാവികമാണെന്നും, കക്ഷി നോക്കിയല്ല അഭിഭാഷകര്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ആര്‍ ഫണ്ടുകള്‍ ആരോഗ്യരംഗം ഉള്‍പ്പെടെയുള്ള പൊതുമേഖല വികസനത്തിന് വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment