കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സിറപ്പ് മരുന്നുകളും ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്ന് വാങ്ങാനാവില്ല. മരുന്നുകളുടെ അമിതോപയോഗവും പാര്‍ശ്വഫലങ്ങളും തടയുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി.
രാജ്യത്തെ എല്ലാ ഫാര്‍മസികളും മെഡിക്കല്‍ സ്റ്റോറുകളും പുതിയ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ അമിതമായി നല്‍കുന്ന പ്രവണത വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികളും മുതിര്‍ന്നവരും മരണപ്പെട്ട സംഭവങ്ങളും സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണമയിട്ടുണ്ട്.
ഇതോടെ സിറപ്പ് മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് ഓവര്‍ ദി കൗണ്ടര്‍ (OTC) രീതിയില്‍ വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചു. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളില്‍ എതിര്‍പ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍, ജൂണ്‍ 9 തീയതി രേഖപ്പെടുത്തിയ അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment