Friday, July 17, 2026
Kerala News

നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര്‍ അജിത് കുമാറിന്റെ ഓഫീസിലേക്ക്

നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര്‍ അജിത് കുമാറിന്റെ ഓഫീസിലേക്ക്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസിലേക്ക് നീളുന്നു. പ്രതികളായ ഗണ്‍മാന്‍മാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉള്‍പ്പെടെ തിരുത്തിയെന്ന നിര്‍ണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.

കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ബോധപൂര്‍വമായ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. ഇതിനായി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ചാണ് കേസ് ഫയലുകള്‍ മാറ്റിയെഴുതിയതും വ്യാജ രേഖകള്‍ ചമച്ചതുമെന്നാണ് സൂചന. സംഭവത്തില്‍ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിലെ നിര്‍ണായക തെളിവ് ശേഖരണവും എഡിജിപിയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവര്‍ പൂര്‍ണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ സെഷന്‍സ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരെയാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ മറച്ചുവെച്ച്, പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് എസ്‌ഐടിയുടെ പുതിയ റിപ്പോര്‍ട്ട്.

കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി എഡിജിപിയുടെ ഓഫീസില്‍ വെച്ച് ഫയലുകള്‍ തിരുത്താന്‍ കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ വേണ്ടി ഉന്നതതലത്തില്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment