Friday, July 17, 2026
India News

ബംഗാൾ ആൾക്കൂട്ട കൊലപാതകം;മരിച്ചയാൾ മലയാളി അല്ലെന്ന് വിവരം

ബംഗാൾ ആൾക്കൂട്ട കൊലപാതകം;മരിച്ചയാൾ മലയാളി അല്ലെന്ന് വിവരം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബംഗാൾ പോലീസ്. കൊല്ലപ്പെട്ടത് മലയാളി അല്ലെന്നും മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് ആണെന്നും ബരുയിപൂർ പോലീസ് ജില്ലാ എസ്പി പലാഷ് ധാലി ഐപിഎസ് സ്ഥിരീകരിച്ചു. മരിച്ചത് മലയാളിയായ സന്ദീപ് നായർ ആണെന്ന രീതിയിൽ ആദ്യം ശക്തമായ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബംഗാൾ പോലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

സൗത്ത് 24 പർഗനാസിലെ കുൽതാലിയിൽ ജൂൺ 9-നാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകം അറിയുന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ഒരു കൂട്ടം ആളുകൾ യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

കേരളത്തിൽ നിന്ന് കുൽതാലിയിലെ സങ്കിസഹാൻ പ്രദേശത്തേക്ക് ജോലിക്കായി വന്ന ആളാണ് യുവാവെന്നും, ഇവിടെയുള്ള ഒരു പരിചയക്കാരന്റെ വീട്ടിലായിരുന്നു താമസമെന്നുമാണ് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. സംഭവദിവസം പ്രാദേശിക മാർക്കറ്റിൽ പോയ യുവാവിന് തിരികെ വരാൻ വഴിതെറ്റുകയായിരുന്നു. പരിഭ്രാന്തനായ യുവാവിനോട് നാട്ടുകാർ വിവരങ്ങൾ ചോദിച്ചെങ്കിലും, ഇയാൾക്ക് ബംഗാളി ഭാഷ സംസാരിക്കാനോ അവർ പറയുന്നത് മനസ്സിലാക്കാനോ കഴിഞ്ഞില്ല.

ഭാഷാപരമായ ഈ തടസ്സം നാട്ടുകാർക്കിടയിൽ വലിയ സംശയത്തിന് കാരണമാവുകയും, ഇയാൾ കള്ളനാണെന്ന് ഉറപ്പിച്ചു പറഞ്ഞ് നാട്ടുകാർ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ച് ജോയ്നഗർ-കുൽത്താലിയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻ ജനരോഷത്തിന് കാരണമായ ഈ ആൾക്കൂട്ട കൊലപാതക കേസിൽ അഞ്ച് പേരെ ബംഗാൾ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment