Friday, July 17, 2026
Kerala News

ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കണം; അന്‍സിബ കോടതിയെ സമീപിച്ചു

 ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കണം; അന്‍സിബ കോടതിയെ സമീപിച്ചു


കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജിയില്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

ഇതിനിടെ, സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അന്‍സിബയ്ക്ക് അമ്മ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 17നകം വിശദീകരണം നല്‍കാത്ത പക്ഷം സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. ഇതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടിനി ടോമിനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സംഘടനയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് അന്‍സിബ നേരത്തെ ആരോപിച്ചിരുന്നു. ലക്ഷ്മി പ്രിയയുമായുണ്ടായ പ്രശ്‌നങ്ങള്‍ അമ്മ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരാതി ഗൗരവമായി പരിഗണിച്ചില്ലെന്നാണ് അന്‍സിബയുടെ നിലപാട്.

കഴിഞ്ഞ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിഷയത്തില്‍ ഉണ്ടായ തര്‍ക്കമാണ് അമ്മയ്ക്കുള്ളില്‍ പരസ്യ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സംഘടനയ്ക്കുള്ളിലെ ഭിന്നത കൂടുതല്‍ രൂക്ഷമാവുകയും വിവാദം കോടതിവരെ എത്തുകയും ചെയ്തിരിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment