Friday, July 17, 2026
Kerala News

ശബരിമല സ്വര്‍ണപ്പാളി കേസ്: എസ്‌ഐടി പരിശോധന പൂര്‍ത്തിയായി

 ശബരിമല സ്വര്‍ണപ്പാളി കേസ്: എസ്‌ഐടി പരിശോധന പൂര്‍ത്തിയായി


ശബരിമല: ശബരിമലയിലെ സ്വര്‍ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി (SIT) സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. ഇളക്കിയെടുത്ത സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ച ശേഷം സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു.

ഹൈക്കോടതിയുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് പരിശോധന നടത്തിയത്. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയായിരുന്നു എസ്‌ഐടി പരിശോധന.

ഇതിനിടെ, സ്വര്‍ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. 2025-ലെ ഇടപാടുകളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ നടപടികള്‍ ശക്തമാക്കിയത്.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി എസ്‌ഐടി സംഘം ഇന്ന് വീണ്ടും ശബരിമലയില്‍ എത്തി. പ്രഭാമണ്ഡലത്തില്‍ നിന്നടക്കമുള്ള ഭാഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച സംഘം അവ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കും. അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന പരിശോധനാഫലങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment