Friday, July 17, 2026
Kerala News

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടി; കല്ലറയിലെ രണ്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു

 തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടി; കല്ലറയിലെ രണ്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു


തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ സിപിഐഎമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയെ തുടര്‍ന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഇതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം ആര്‍. എസ്. ജയന്റെ നേതൃത്വത്തില്‍ 10 അംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ കമ്മിറ്റി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പുനഃസംഘടനാ നടപടികള്‍ക്കും നേതൃത്വം നല്‍കും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച മുദ്രാവാക്യം ജനങ്ങളിലേക്ക് വേണ്ടത്ര എത്തിക്കാനായില്ലെന്നാണ് പ്രധാന വിമര്‍ശനം. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ ജനപിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സിപിഐഎം അവലോകന റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പര്യാപ്തമായില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റത്തെക്കുറിച്ചും പരാതികള്‍ ഉയരുന്നതായി വിലയിരുത്തലിലുണ്ട്.

ജനങ്ങളോട് കൂടുതല്‍ സൗഹൃദപരമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാര്‍ട്ടി, നേതാക്കളും പ്രവര്‍ത്തകരും സ്വയം മാറി ജനങ്ങളുമായി കൂടുതല്‍ അടുക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment