Friday, July 17, 2026
Kerala News

സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി

 സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി



കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 16 ആയി ഉയര്‍ന്നു.

ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല കേസുകളില്‍ അസാധാരണ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതുവരെ 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 പേര്‍ക്കായിരുന്നു രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കോളയാടി മേഖലയില്‍ നിലവില്‍ 502 കുട്ടികള്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 47 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. രോഗം സമ്പര്‍ക്കത്തിലൂടെ പകരാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭയിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടികളുമായി അനാവശ്യ യാത്രകള്‍ നടത്തുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷങ്ങളിലായി ഷിഗെല്ല രോഗബാധയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ 132 പേര്‍ക്കും, 2024ല്‍ 121 പേര്‍ക്കും, 2023ല്‍ 90 പേര്‍ക്കും, 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യം അസാധാരണമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment