Friday, July 17, 2026
Kerala News

ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും

ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും

കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയക്കും. വരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാവും പുതിയ സമന്‍സ് നല്‍കുക. നേരത്തെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് എത്താന്‍ കഴിയില്ലെന്ന് വീണ ഇമെയിലിലൂടെ ഇഡിയെ അറിയിക്കുകയായിരുന്നു.

സിഎംആര്‍എല്ലുമായി (CMRL) ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (SFIO) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കിയത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും മുന്‍നിര്‍ത്തിയാകും ഇഡി വീണയെ ചോദ്യം ചെയ്യുക.

കേസിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ തുടങ്ങിയ ഒന്‍പത് പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയോട് വരും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment