Friday, July 17, 2026
Kerala News

നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

 നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43-കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ ഇദ്ദേഹം സഞ്ചരിച്ച പാതകളാണ് റൂട്ട് മാപ്പിലുള്ളത്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ തയ്യാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍  77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും, 14 പേര്‍ കുടുംബാംഗങ്ങളും, 5 പേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

സമ്പര്‍ക്ക പട്ടികയിലുള്ളവരെ റിസ്‌ക് സാധ്യത കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ അതീവ ഗുരുതര സാധ്യതയുള്ള ഹൈയസ്റ്റ് റിസ്‌ക വിഭാഗത്തിലും, 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും, 62 പേര്‍ ലോ റിസ്‌ക്  വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 15 പേരെയും ഇതിനോടകം തന്നെ ഹോം ക്വാറന്റൈനിലാക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പൊതുജനങ്ങളുടെ സംശയനിവാരണത്തിനും സഹായത്തിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0495 2373 901, 9072007767 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment